VALAPAD GRAMAPANCHAYAT - HISTORY
പഴയ ബ്രിട്ടീഷ് മലബാറിലെ ചേറ്റുവ മുതൽ ആല വരെ പരന്നുകിടന്നിരുന്ന നാട്ടിക ഫർക്കയിലെ ഏറ്റവും വലിയ വില്ലേജായിരുന്നു വലപ്പാട്. ഇപ്പോൾ തൃശൂർ ജില്ലയിൽ പ്പെടുന്ന ഈ പ്രദേശം ആദ്യകാലങ്ങളിൽ മലബാർ ജില്ലയിൽ ഉൾപ്പെട്ടതായിരുന്നു. ഇപ്പോൾ ചാവക്കാട് താലൂക്ക് എന്നുള്ളത് അന്ന് പൊന്നാനി താലൂക്കായിരുന്നു. കഴിമ്പ്രം, എടമുട്ടം, പള്ളിപ്രം എന്നീ മൂന്ന് ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പഴയ പ്രതാപത്തോടെ തന്നെ വലപ്പാട് പഞ്ചായത്ത് നിലകൊള്ളുന്നു.
വലപ്പാട് എന്ന പേരിന് ഒരു ഐതീഹ്യം നിലകൊളളുന്നു. എ.ഡി. 1500-നോടടുത്ത് ഈ പ്രദേശത്തെ ഏറ്റവും വലിയ ജന്മിയും നാട്ടുപ്രമാണിയുമായിരുന്ന ബ്ലാഹയിൽ മൂപ്പിൽ നായരെ സമീപിച്ച ക്രിസ്ത്യൻ മതവിശ്വാസികൾ അവർക്ക് ദേവാലയം പണിയുന്നതിനായി ഒരു "വലപട്ടക്കാട്" ചുറ്റളവിൽ ഭൂമി ആവശ്യപ്പെടുകയും അത് അനുവദിക്കപ്പെട്ടപ്പോൾ പള്ളി പണിയുകയും ചെയ്തു.
പള്ളിപരിസരത്ത് താമസമാക്കിയ ക്രിസ്ത്യൻ സമുദായക്കാർ അവിടെ കൊച്ചുകൊച്ചു കച്ചവടങ്ങൾ സ്ഥാപിക്കുകയും കാലാന്തരത്തിൽ വലവട്ടക്കാട് ചുറ്റളവിൽ പണിത പള്ളിക്ക് വലപ്പാട് പള്ളി എന്ന പേര് വന്നുചേർന്നപ്പോൾ ഈ ഭാഗം വലപ്പാട് അങ്ങാടിയായി രൂപാന്തരപ്പെടുകയും കാലക്രമേണ ഈ പ്രദേശം മൊത്തമായി വലപ്പാട് എന്ന പേരിൽ ഔദ്യോഗിക രേഖകളിൽ സ്ഥാനം പിടിക്കുകയും ചെയ്തതായി അറിയപ്പെടുന്നു.
പഴയ നാട്ടിക ഫർക്കയുടെ തലസ്ഥാനമായിരുന്ന വലപ്പാട് പ്രദേശം ഗവൺമെന്റ് ഡിസ്പെൻസറി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആശുപത്രി, പോലീസ് സ്റ്റേഷൻ, പോസ്റ്റ് & ടെലഗ്രാം ഓഫീസ്, ഹൈസ്കൂൾ, റവന്യു ഇൻസ്പെക്ടറുടെ ആഫീസ്, വലേഴ്സ് ബംഗ്ലാവ്, പൊതുചന്ത, അരിവിതരണം നടത്തിയിരുന്ന പി.സി.സി. എന്നിവയുടെ സാന്നിധ്യവും സമീപപ്രദേശത്തെ രജിസ്ട്രാർ ആഫീസും യഥാർത്ഥത്തിൽ വലപ്പാടിന് ഒരു തീരദേശ തലസ്ഥാനം എന്ന പേർ നൽകിയിരുന്നു.
പൊന്നാനി മുതൽ കൊച്ചി വരെ നീണ്ടുകിടക്കുന്ന വാണിജ്യസഞ്ചാര ജലഗതാഗത മാർഗ്ഗമായിരുന്നു ഈ പ്രദേശത്തോട് ചേർന്നൊഴുകുന്ന കനോലികനാൽ. ഈ കനോലികനാലിലെ പ്രധാനകേന്ദ്രമായിരുന്നു കുഴിക്കൽ കടവ്. കനാലിൽ നിന്നുള്ള ജലഗതാഗതചാലുകളും ഇന്ന് അവിടെ സ്ഥിതി ചെയ്യുന്ന ചരക്ക് ഗോഡൗണുകളും ഇതിന് സാക്ഷ്യം വഹിക്കുന്നു.
വലപ്പാട് വില്ലേജിൽ ഉൾപ്പെടുന്ന പാലപ്പെട്ടി അയിരൂർ കോവിലകത്ത് ജന്മി കുടിയാൻ ബന്ധം ഏറെ സൗഹൃദപൂർണ്ണമായിരുന്നു. പലരാലും ചൂഷണത്തിന് വിധേയരായി കോവിലകം ക്ഷയിച്ചപ്പോൾ അവരെ സഹായിക്കാൻ കൂടിയാന്മാർ മുന്നോട്ടുവന്ന ചരിത്രമുണ്ടവിടെ.
ഈ കോവിലകത്തുനിന്ന് ദേശീയ പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന നേതാവാണ് ഗോദവർമ്മ രാജ. ഇദ്ദേഹം പിന്നീട് ഖിലാഫത്ത് തമ്പുരാൻ എന്ന പേരിൽ പ്രശസ്തനായി. ഈ പ്രദേശത്തിന്റെ സിംഹഭാഗവും ഒരു കാലഘട്ടത്തിൽ അവരുടെ അധീനതയിലായിരുന്നു.
ശ്രീനാരായണ പ്രസ്ഥാനമാണ് ഇവിടെ ആദ്യമായി വേരൂന്നിയത്. ഗുരുദേവന്റെ പാദസ്പർശമേൽക്കാൻ ഭാഗ്യം ലഭിച്ച ഗ്രാമമാണിത്. മൂന്നു തവണ ഗുരുദേവൻ ഇവിടെ സന്ദർശിച്ചിട്ടുണ്ട്. മഹാകവി കുമാരനാശാനൊത്ത് സന്ദർശനത്തിനെത്തിയപ്പോൾ കവി എഴുതിയ പന്ത്രണ്ട് വരികൾ ഇന്നും അടിപ്പറമ്പിൽ തറവാട്ടിൽ സൂക്ഷിക്കപ്പെടുന്നു.
ഗുരുദേവന്റെ അന്ത്യനാളുകളിൽ എടമുട്ടം ചോലയിൽ കുഞ്ഞിമാമി വൈദ്യരുടെ വസതിയിൽ താമസിച്ച് ചികിത്സ നേടിയിട്ടുണ്ട്.
ഇന്ത്യയൊട്ടുക്കും ദേശീയപ്രസ്ഥാനം അലയടിച്ചുയർന്നപ്പോൾ ഈ മണപ്പുറവും അതിനോടൊപ്പം ഉയർന്നിരുന്നു. സി.പി. മൊയ്തീൻകുട്ടി സാഹിബ്, വി.ബി. പണിക്കർ, വി.കെ. കോരുണ്ണി മാസ്റ്റർ, ഗോദവർമ്മ രാജ എന്നിവരായിരുന്നു ഇതിന് നേതൃത്വം നൽകിയിരുന്നത്.
കോൺഗ്രസ്സ് പ്രവർത്തനത്തിന്റെ ഭാഗമായി എ.കെ.ജി. വലപ്പാട് സന്ദർശിക്കുകയും സവർണ്ണമേധാവിത്തം നിലനിന്നിരുന്ന ബ്ലാഹയിൽ കുളത്തിൽ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ഇന്നാട്ടുകാരനായ ശ്രീ. ഇ.വി.ജിയോടൊപ്പം കുളിക്കുകയും ചെയ്തത് പഴമക്കാർക്ക് രോമാഞ്ചത്തോടെയേ സ്മരിക്കാൻ കഴിയൂ.
1948-ൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ വളർന്നു. ദാരിദ്ര്യവും ദുരിതവും പോലീസ് മർദ്ദനങ്ങളുമായിരുന്നു ഇതിന്റെ പ്രധാനകാരണങ്ങൾ.
1950 ജനുവരി 26നാണ് സർദ്ദാർ ഗോപാലകൃഷ്ണൻ വലപ്പാട് പോലീസ് സ്റ്റേഷനിൽ വെച്ച് രക്തസാക്ഷിയായത്. അദ്ദേഹത്തിന്റെ മൃതദേഹം പോലീസ് അടക്കം ചെയ്തത് കോതകുളം ബീച്ചിന് തെക്കുവശത്തുള്ള കഴുനായിക്കുന്ന് എന്ന സ്ഥലത്താണ്.
ശവ അടക്കം ചെയ്തിട്ട് ചെങ്കൊടി ഉയർത്തിയെന്നാരോപിച്ച് നിരവധി കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസുകളുണ്ടാക്കുകയും നാട്ടിലുടനീളം മർദ്ദനം അഴിച്ചുവിടുകയുമുണ്ടായി.
മണപ്പുറത്തെ ആദ്യത്തെ ഹൈസ്കൂളാണ് വലപ്പാട് ഹൈസ്കൂൾ. ആദ്യം ഇതിന്റെ മാനേജ്മെന്റ് സെന്റ് സെബാസ്റ്റ്യൻ പള്ളിയായിരുന്നെങ്കിലും പിന്നീട് മലബാർ ഡിസ്ട്രിക് ബോർഡും കാലക്രമേണ ഗവൺമെന്റ് സ്കൂളുമായി മാറുകയാണുണ്ടായത്.
ആയുർവേദ വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ച ചോലയിൽ കുഞ്ഞിമാമി വൈദ്യർ ഈ പ്രദേശത്തുകാരനാണ്. ചോലയിൽ അറ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ എടമുട്ടത്ത് ഗുരുകുല വിദ്യാഭ്യാസം നൽകിയിരുന്നത്. കേരളത്തിന്റെ നാനാഭാഗത്തു നിന്നും രോഗികൾ ഇവിടെ താമസിച്ച് രോഗമുക്തി നേടിയിരുന്നു.
അലോപ്പതി ഡോക്ടർമാർ വിരളമായിരുന്ന കാലത്ത് ഡോ. വി. നാരായണമേനോൻ വലപ്പാടിന് നൽകിയ സേവനങ്ങൾ സ്തുത്യർഹമാണ്.
യുവഹൃദയങ്ങളിൽ കഥകളുടെ സൗന്ദര്യധാര പൊഴിച്ച് വിപ്ലവത്തിന്റെ ചുടുചോര ഞരമ്പുകളിൽ ത്രസിപ്പിച്ച മലയാളികളുടെ പ്രിയങ്കരനായ കഥാകാരൻ ഡി.എം. പൊറ്റേക്കാടിന്റെ പ്രവർത്തനമേഖല വലപ്പാടായിരുന്നു.
സമീപപ്രദേശിയായിരുന്ന പ്രശസ്ത ചലച്ചിത്രകാരൻ രാമു കാര്യാട്ട് തന്റെ മേഖലയായി തെരഞ്ഞെടുത്തത് ഈ പ്രദേശമായിരുന്നു. കലാ-സാഹിത്യ സാംസ്കാരിക മേഖലയിൽ നിരവധി ചെറുപ്പക്കാർക്ക് അക്കാലത്ത് പ്രോത്സാഹനം കൊടുക്കാൻ ഇവർക്ക് കഴിഞ്ഞു.
മൺമറഞ്ഞുപോയ സാഹിത്യകാരൻ ഇ.വി.ജി., പ്രതപ്രവർത്തകനും നോവലിസ്റ്റുമായിരുന്ന കെ.എസ്.കെ. തളിക്കുളം, സിനിമ സംവിധായകൻ, കഥാകൃത്ത്, ഫിലിം ജേർണലിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന എ.സി. സാബു, നടനും നാടകകൃത്തും അവാർഡ് ജേതാവുമായിരുന്ന കഴിമ്പ്രം വിജയൻ, എഴുത്തുകാരനായ ഹബീബ് വലപ്പാട്, മൊയ്തു പടിയത്ത് എന്നിവർ ഈ നാടിന്റെ അഭിമാനഭാജനങ്ങളായിരുന്നു.
കുട്ടികളുടേയും വലിയവരുടേയും മഹാകാവിയായ അതിയാരത്ത് കുഞ്ഞുണ്ണി മാസ്റ്റർ ഈ നാടിന്റെ കണ്ണിലുണ്ണിയായി ഇവിടെ ജീവിച്ചിരുന്നു. ഒരു പുണ്യാത്മാവിനെ എന്നപോലെ ജനം അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.
പ്രഥമ പ്രസിഡന്റായിരുന്ന ശ്രീ. എ.ആർ. ദിവാകരന്റെ നേതൃത്വത്തിൽ സംഭാവന നൽകിയ സ്ഥലത്താണ് ഇന്നത്തെ പഞ്ചായത്ത് കെട്ടിടം നിലകൊള്ളുന്നത്.
ശ്രീ. എ.പി. രാമൻ നാടിനുവേണ്ടി ചെയ്ത സേവനങ്ങളുടെ ശാശ്വതസ്മരണയ്ക്കായി വലപ്പാട് ആശുപത്രിക്ക് ശ്രീ. എ.പി. രാമൻ മെമ്മോറിയൽ ആശുപത്രി എന്ന് നാമകരണം ചെയ്യുകയുണ്ടായി.
കോതകുളം ബീച്ചിൽ വി.ആർ. ശ്രീനിവാസൻ വൈദ്യരുടെ സേവനങ്ങളെ മുൻനിർത്തി അദ്ദേഹത്തിന്റെ പേരിൽ ആയുർവേദ ആശുപത്രിയും നിലവിലുണ്ട്.
അരനൂറ്റാണ്ടിന് മുമ്പ് തീരദേശത്തെ ഏക പോസ്റ്റാഫീസായ വലപ്പാട് പോസ്റ്റ് ഓഫീസിന് സ്ഥലവും കെട്ടിടവും നൽകുകയും പിൻകാലത്ത് മൃഗാശുപത്രിക്ക് സ്ഥലം സംഭാവന ചെയ്യുകയും ചെയ്ത വലപ്പാട് സ്വദേശി എൻ.ടി.ആർ. ശങ്കരന്റെ പേര് പ്രത്യേകം സ്മരിക്കേണ്ടതാണ്.
വലപ്പാട് ഗവ. പോളിടെക്നിക്കിന്റെ സ്ഥാപക കമ്മിറ്റി പ്രസിഡന്റായിരുന്ന അടിപ്പറമ്പിൽ എ.സി. ശങ്കരനാരായണന്റെ പേരും ജനങ്ങൾ ഇന്നും സ്മരിക്കുന്നു.
മുൻ കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലറും പിന്നോക്ക സമുദായ കമ്മീഷൻ മെമ്പറുമായ ഡോ. ടി.കെ. രവീന്ദ്രൻ, ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ. കെ. ഗോവിന്ദൻ മാസ്റ്റർ, എസ്.എൻ. ട്രസ്റ്റ് ചെയർമാൻ ഡോ. കെ.കെ. രാഹുലൻ, മദ്രാസിലെ മുൻ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈകമ്മീഷണറായിരുന്ന ശ്രീ. വി.കെ. വത്സൻ എന്നിവർ വലപ്പാടിന്റെ പ്രിയ പുത്രന്മാരിൽ പെടുന്നു.